ഭാരമേറിയൊരു മനുസ്സുമായാണ് കഴിഞ്ഞ കുറെ നാളുകളായി അയാൾ എണീറ്റിരുന്നത്. അന്ന് പള്ളിയിൽ വെച്ചു അവളെ ആദ്യമായി കണ്ടപ്പോൾ തോന്നാതിരുന്നത് പിന്നീടെപ്പോഴോ എന്തിനോ വേണ്ടി തോന്നി. ഉറക്കപ്പിച്ചിലിരുന്ന ഒരു ക്ലാസ്സ്മുറിയിൽ കൂട്ടുകാരനോട് പറഞ്ഞൊരു കളിവാക്കിൽ നിന്നാണോ, അതോ ഇതിനെല്ലാമപ്പുറം വിധിയുടെ നിയോഗമാണോ, അതോ തനിക്കു എവിടെയെങ്കിലും വീഴ്ച പറ്റിയതോ. എത്രയൊക്കെ വീഴരുതെന്ന് ഓർത്താലും അതിലേക്ക് ആകർഷിക്കുന്ന മായികമായ ഒരു സൗന്ദര്യം ഈ പ്രണയത്തിനുണ്ടായിരിക്കാം. ഒരിക്കൽ പോലും സംസാരിക്കാതെ എങ്ങനെ ഇത്രെയേറെ ആകർഷിക്കപ്പെട്ടു എന്നു അയാൾ തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
പെട്ടന്നാണ് അയാളുടെ മുമ്പിൽ നിന്നിരുന്ന ക്ലർക്കിനെ അയാൾ ശ്രെദ്ധിച്ചത്. അയാൾ കുറേനേരമായി അവിടെത്തന്നെ നിൽപ്പാണ്. താനാണ് അയാളെ ഒരു ഫയൽ എടുക്കാൻ അയച്ചത്. അപ്പോൾ കുറെ നേരമായി താൻ ചിന്തകളിൽ മറഞ്ഞിട്ടു. താൻ അപ്പോൾ ഒരുപാട് കാലം പിന്നിൽ നിന്നാണ് ചിന്തിക്കുന്നത്. ഈ വേദനകൾ തൻറെ കോളേജ് ജീവിതകാലത്തെയാണെന്നു അയാൾക്കു അറിയാമായിരുന്നു. അയാൾ ഒരു ദീര്ഘനിശ്വാസത്തോടെ ആ ഫയലുകൾ മേടിച്ചുവെച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ജീവിതമൊരു കുരിശിന്റെ വഴി പോലെയാണെന്ന് അയാൾക്ക് തോന്നി. വീഴുമ്പോൾ എണീക്കാനും വീണ്ടും തുടരാനുമുള്ള ഒരു പീഡസഹന യാത്ര."ഒരു വാൾ നിന്റെ ഹൃദയത്തെ കീറിമുറിക്കും" എന്ന് ബൈബിളിൽ പറയുന്നത് പോലെ ഓരോ മനുഷ്യനും ആ വേദന ഒരിക്കൽ അറിയും.
ഇതെല്ലാം താൻ ഒരിക്കൽ മറന്നതാണ്. തന്റെ ജീവത്തിലെ ഒരു അടഞ്ഞ അദ്ധ്യായമെന്നു താൻ തന്നെ പലപ്പോഴും തെല്ലഹങ്കാരത്തിൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഇന്ന് എമിഗ്രേഷൻ ഓഫീസിലെ ഫയൽക്കെട്ടുകളിൽ അവളുടെ പേര് കണ്ടപ്പോൾ അയാൾ ഒരിക്കൽ കൂടി ആ മുറിവുകളിൽ കുത്തിനോക്കി. ആശ്ചര്യമെന്നു പറയട്ടെ, അവയൊക്കെ ഇപ്പോഴും വേദനിക്കുന്ന മുറിവുകളായി അവിടെ തന്നെ ഉണ്ട്. ആരെയും ശ്രദ്ധിക്കാതെ കൂട്ടുകാരികളുടെ കൂടെ നടന്നിരുന്ന ആ പെണ്കുട്ടിയെ താൻ എങ്ങനെയാണ് കണ്ടത്. അധികം പുറത്തു വരാത്ത താൻ എങ്ങനെയാണ് അവളെ കണ്ടുമുട്ടുന്നത്. തനിക്കു അവളോടൊന്നു സംസാരിച്ചാൽ മതിയായിരുന്നു. അയാൾക്കു അവളുടെ സ്വരം കാലം തനിക്കായി കൊണ്ടുവന്ന മരുഭൂമിയിലെ മന്നയായി തോന്നിയിരിക്കണം. ആ സൗഭാഗ്യത്തെ തന്നിൽ നിന്നു തട്ടിത്തെറിപ്പിച്ച വിധിയോട് അയാൾക്കു നീരസം തോന്നിയിരുന്നു
ഒരിക്കൽ പോലും അയാൾ അവളോട് സംസാരിച്ചിട്ടില്ല. എന്തും ഏതും തെറ്റായ കണ്ണിലൂടെ കാണുന്ന ഈ ലോകത്തിൽ പ്രണയത്തിനു മറ്റൊരു അർത്ഥമായിരിക്കും സമൂഹം കാണാൻ പഠിപ്പിച്ചിരിക്കുക. ഒരുമിച്ചൊന്ന് സംസാരിച്ചാൽ താൻ തെറ്റിദ്ധരിക്കപ്പെടുമെന്നു അവൾക് തോന്നിയിട്ടുണ്ടാകാം. ഒരു പക്ഷെ അവൾക് അയാൾ ആരുമല്ലായിരുന്നിരിക്കും. പക്ഷെ അയാൾക്കു അവൾ എന്തൊക്കെയോ, ആരൊക്കെയോ ആയിരുന്നു. അവളുടെ മുഖമൊന്ന് വാടാതിരിക്കാൻ അയാൾ തന്നെത്തന്നെ മറക്കാനും തയ്യാറായിരുന്നു.
ഇന്നിപ്പോൾ പത്തു വർഷങ്ങൾക്കു ശേഷം അവളെ അയാൾ കാണുകയാണ്, അതും തികച്ചും ഔദ്യോഗികമായി. ഇന്നയാൾ എമിഗ്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ്. അയാൾ അറിയുന്ന ആളല്ല അവൾ ഇന്ന്. പക്ഷെ ഇന്നും അയാളിൽ ആ പഴയ പ്രണയത്തിന്റെ കൗതുകം ഒളിഞ്ഞു കിടപ്പുണ്ട്. തനിക്കു ആദ്യമായി തോന്നിയ വികാരങ്ങൾ അയാൾക്കു അത്രമേൽ പ്രിയപ്പെട്ടതായി തോന്നിയിരിക്കണം. ആദ്യമായി തോന്നിയ അടുപ്പത്തിൽ സംസാരിക്കാൻ അയാൾ വെമ്പൽ കൊണ്ടപ്പോൾ സമൂഹം അയാൾ പ്രേമത്തിലായി എന്നു വിധി എഴുതിയിരുന്നുരിക്കണം.
എന്തൊക്കെയായാലും ഇന്ന് അവൾക് മുഖം തിരിക്കാനാകില്ല എന്ന പൂർണ വിശ്വാസത്തിൽ അയാൾ സംസാരിച്ചു തുടങ്ങി. അയാൾക്ക് സംസാരിക്കേണ്ടിയിരുന്നത് മുഴുവൻ ആ കലാലയജീവിതത്തിന്റെ ബാക്കിയായിരുന്നു. അയാൾ അവളിൽ ഒരു കാമുകിയെയല്ല മറിച്ചൊരു നല്ല സുഹൃത്തിനെയാണ് തേടിയിരുന്നത്. അവർ പരസ്പരം ആദ്യമായി സംസാരിക്കുകയാണ്. ഒരു നൂറ്റാണ്ടായി പറയാൻ ബാക്കി വെച്ചത് ഒരു പക്ഷെ ആ കലാലയത്തിന്റെ ഇരുണ്ട ഇടനാഴികളിലേ ഇരുട്ടിൽ ചില നോട്ടങ്ങളായി പറഞ്ഞു തീർത്തിട്ടുണ്ടാകാം. ഒരിക്കൽ തന്റെ സ്വരം ആ കാതുകൾ കേട്ടിരുന്നെങ്കിൽ അയാൾ കൊതിച്ചിരുന്നു. അയാളുടെ തൊണ്ട വറ്റിവരണ്ടിരുന്നു. അയാളുടെ ചുണ്ടുകൾക്ക് ചലിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.
"ടീ ആർ കോഫി?" ഏറെ പണിപ്പെട്ടു അയാൾ ചോദിച്ചു. ആ രണ്ടു വാക്കുകളിൽ അയാൾ ഒരു ജന്മം പറയാൻ ബാക്കി വെച്ചതായാൾ പറഞ്ഞു മതിയാക്കി. എന്നിട്ടും ഇന്നുമവൾ മൗനം ആവലംബിച്ചു. ഒരു പക്ഷെ സംസാരിക്കുന്നതിനെക്കാൾ കേൾക്കാൻ ആയിരിക്കും അവൾ ആഗ്രഹിച്ചിരുന്നത്. ഒരു ദീര്ഘനിശ്വസത്തോടെ അയാൾ ആ ഫയലിൽ ഒപ്പു വെക്കുമ്പോൾ ഇത്രനാൾ അയാൾ അനുഭവിച്ചിരുന്ന ആ വീർപ്പുമുട്ടൽ അയാളെ വിട്ടു പോയിരുന്നു. അയാൾ തന്റെ ആഗ്രഹലബ്ദിയിൽ നിർവൃതിയടഞ്ഞു. തനിക്കു അവളോട് സംസാരിക്കാൻ ആയല്ലോ. അതാണ് താൻ ആഗ്രഹിച്ചിരുന്നതും. തനിക്കായി വിധി മാറ്റി വെച്ചത് മറ്റാരെയോ, മറ്റെന്തോ ആണെന്നും തിരിച്ചറിഞ്ഞ അയാൾക്കു വിധിയുടെ വിളയാട്ടത്തിൽ ഒരിക്കൽകൂടി വിശ്വാസം തോന്നിത്തുടങ്ങി.
താനല്ല കുറ്റക്കാരൻ. സമൂഹമാണ്. പുരുഷൻ സ്ത്രീയോട് മിണ്ടിയാൽ അതു പ്രണയമല്ല മറിച്ചു സൗഹ്രദമാണെന്നു ചിന്തിക്കാൻ സമൂഹത്താനാകില്ല. പ്രണയം തെറ്റാണെന്ന് പഠിപ്പിക്കുന്ന ഇതേ സമൂഹം തന്നെയല്ലേ കാമുകന്മാരെ വീരന്മാരായി ചിത്രീകരിക്കുന്നത്. റോമിയോയും, ജാക്കും, ഹാംലെറ്റും എല്ലാം ഈ സമൂഹത്തിന്റെ തന്നെ സൃഷ്ടിയല്ലേ. സമൂഹത്തിന്റെ ഈ ചിന്തയിലാണ് താൻ ഇത്ര നാളും നീറി പുകഞ്ഞു കഴിഞ്ഞിരുന്നത്. ഇന്നത്തെ ദിവസം അയാളിടെ വരണ്ട ജീവിതത്തിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി. ഒരു വരൾച്ചക്കു ശേഷം ആദ്യമായി പെയ്യുന്ന പുതുമഴയുടെ സുഖം അയാളന്നറിഞ്ഞു. വറ്റിവരണ്ട ആ മനസിൽ പ്രതീക്ഷയുടെ പച്ചിലനാമ്പുകൾ അങ്ങിങ്ങായി അപ്പോഴേക്കും മുളച്ചു തുടങ്ങിയിരുന്നു.
Good job my dear Jojo the Blogger
ReplyDelete😍😍
ReplyDeleteVery good jojo... Nice job ✨️
ReplyDelete😍😍
ReplyDelete